Chapter College Professional Academy

Courses

കോമേഴ്‌സ് പ്രൊഫഷണല്‍ പഠനത്തിന്

പത്ത് സോദ്ദേശക നിര്‍ദ്ദേശങ്ങള്‍

 

  1. വിവിധ കോമേഴ്‌സ് വിഷയങ്ങള്‍ക്ക് ശക്തമായ അടിസ്ഥാന വിജ്ഞാനം നേടുക. Financial Accounting, Cost Accounting, Management Accounting, Taxation, Auditing, Law തുടങ്ങിയ വിഷയങ്ങള്‍ കോമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അതീവ പ്രാധാന്യമുള്ളവയാണ്. ഈ വിഷയങ്ങളില്‍ വ്യക്തമായ അടിസ്ഥാന ധാരണ ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.
  2.  സമയബന്ധിതമായ പഠനത്തിന് ഒരു പ്ലാന്‍ തയ്യാറാക്കുക. അത് കൃത്യമായി പാലിക്കുക(Time Management)മൂന്നു മുതല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തിയാകുന്നതാണ് കോമേഴ്‌സ് പ്രൊഫഷണല്‍ പഠനം. ജീവിതത്തിലെ ചെറിയ ഒരു കാലയളവ് മാത്രമാണീ സമയം. ഈ കാലയളവിലേക്ക് സമയബന്ധിതമായ ഒരു പഠന ക്രമം തയ്യാറാക്കുന്നത് കാര്യക്ഷമമായ പഠനത്തിന് അനിവാര്യമാണ്. വിവിധ വിഷയങ്ങളുടെ പഠനം, കണക്കുകള്‍ ചെയ്തു പഠിക്ക‍‍‍ല്‍, റിവിഷന്‍ തുടങ്ങിയ പഠന പ്രക്രിയകള്‍ക്ക് ലഭ്യമായ സമയം വീതിക്കുകയും അതു കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. അത്തരം ടൈം മാനേജ്‌മെന്റ് തീര്‍ച്ചയായും താങ്കളുടെ പഠന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും പരീക്ഷയോടനുബന്ധിച്ചുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്യും. 
  3. ഗുണമേന്മയുള്ള സ്റ്റഡീമെറ്റീരിയല്‍സ് ഉപയോഗിക്കുക. ICAI, ICMAI ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സ്റ്റഡീമെറ്റീയലുകളാണ് പഠനത്തിന് പ്രാഥമികമായി അഭികാമ്യം. ഈ സ്റ്റഡീമെറ്റീരിയലുകള്‍ പരീക്ഷയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. റഫറന്‍സിനായി മറ്റ് സമഗ്രവും ആധികാരികവുമായ ഗ്രന്ഥങ്ങളും ഉപയോഗിക്കാം. അധികവും അനാവശ്യവുമായ റഫറന്‍സുകള്‍ ഒഴിവാക്കുക.
  4. മാതൃകാപരീക്ഷകളും മുന്‍കാല ചോദ്യപേപ്പറുകളുടെ ഉത്തരമെഴുതലും ശീലമാക്കുക. ഓരോ വിഷയത്തിനും Mock test-കള്‍ എഴുതാന്‍ ഒരു സമയക്രമം ചാപ്റ്ററില്‍ സജ്ജമാണ്. ഓരോ മാസവും മോഡല്‍ പരീക്ഷകളും ഉണ്ടാകും. ഈ പരീക്ഷകള്‍ പഠനമികവ് പരിശോധിക്കാനും പഠനക്ഷമത വര്‍ദ്ധിപ്പിക്കാനും വിദ്യാര്‍ത്ഥിയെ ഏറെ സഹായിക്കുകയും ഫൈനല്‍ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
  5. കാണാപ്പാഠ’ത്തിന് പകരം മനസ്സിലാക്കി പഠിക്കുക. കോമേഴ്‌സ് പ്രൊഫഷണലുകള്‍ വിവിധ പ്രായോഗിക സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിടേണ്ടവരാണ്, വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ അധികാരവും ഉത്തരവാദിത്വവുമുള്ളവരാണ്. ആയതിനാല്‍ തിയറികളാണെങ്കിലും അവയുടെ പ്രയോഗങ്ങളാണെങ്കിലും സ്വയം ബോദ്ധ്യപ്പെട്ട് മനസ്സിലാക്കുന്നതാണ് ഉചിതം. ‘എന്തുകൊണ്ട്?’, ‘എങ്ങനെ?’, ‘എവിടെ?’, ‘എപ്പോള്‍?’, തുടങ്ങിയ ചോദ്യങ്ങള്‍ സ്വയം ചോദിച്ച് ഉത്തരം ബോദ്ധ്യപ്പെട്ട് പഠിക്കുന്നതാണ് സുസ്ഥിരമായ വിജ്ഞാന സമ്പാദനം. ഈ ശീലം തൊഴില്‍ മികവിനു മാത്രമല്ല മൂല്യവത്തായ ജീവിതത്തിനും സഹായിക്കും.
  6. മാറ്റങ്ങള്‍ യഥാസമയം മനസ്സിലാക്കി, വിജ്ഞാനത്തെ നിരന്തരം നവീകരിക്കുക. ബിസിനസ്സ് – കോമേഴ്‌സ് മേഖലകള്‍ അതിവേഗം മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടേയിരിക്കുന്നു. ആഗോളവത്കരണത്തിന്റെ പുതിയകാലത്ത് നിയമങ്ങള്‍, സാമ്പത്തിക ക്രമങ്ങള്‍, നികുതിഘടനകള്‍, ബിസിനസ്സ് സംഘടനകള്‍, ഗവണ്‍മെന്റ് നയങ്ങള്‍ ഒക്കെ നിരന്തരം മാറുകയാണ്. കോമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവര്‍ ഈ മാറ്റങ്ങള്‍ അതീവ കൗതുകത്തോടെ ശ്രദ്ധിച്ചു മനസ്സിലാക്കുകയും സ്വയം അപ്‌ഡേറ്റ് ചെയ്യുകയും വേണം.
  7. പരീക്ഷ എഴുതാനുള്ള കഴിവ് ഒരു ‘കല’പോലെ വികസിപ്പിക്കണം. കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായ പരിശീലനമാണ് ആവശ്യം. പരീക്ഷയെഴുത്തിന്റെ സാങ്കേതികത്വവും ഇത്തരത്തിലാണ്. ഭംഗിയും വ്യക്തതയുമുള്ള എഴുത്ത്, മൂല്യ നിര്‍ണ്ണയം നടത്തുന്ന ആള്‍ക്ക് അനായാസം മനസ്സിലാക്കത്തക്ക തരത്തിലുള്ള പ്രസന്റേഷന്‍, ആവശ്യമുള്ള സ്ഥലങ്ങളില്‍ പ്രത്യേക ടേബിളുകള്‍ക്കുള്ളില്‍ ഉത്തരം ക്രമീകരിക്കല്‍ ഇവയുടെയൊക്കെ പരിശീലനം കൊണ്ട് ഉത്തരപേപ്പര്‍ കൂടുതല്‍ ആകർഷകമാക്കാന്‍ കഴിയണം. മൂല്യനിര്‍ണ്ണയത്തില്‍ ‘Quantity’ യേക്കാള്‍ ഒട്ടും പുറകിലല്ല ‘Quality’. എക്‌സാമിനറുടെ ചോദ്യം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കി അതിനു മാത്രമേ ഉത്തരമെഴുതാവൂ. പൂര്‍ണ്ണമായും മനസ്സാന്നിദ്ധ്യം ഇതിന് അനിവാര്യമാണ്.
  8. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും അര്‍ഹതപ്പെട്ട പ്രാധാന്യം നല്‍കുക. മിതമായ വ്യായാമം കായികാരോഗ്യം നിലനിര്‍ത്തും. നിശ്ചിത സമയത്തേക്കുള്ള വിനോദം, ഉറക്കം, ശരിയായ ഭക്ഷണക്രമം ഇവയൊക്കെ നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുകയും പഠനത്തിന് വേണ്ട ശ്രദ്ധ അനായാസമാക്കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
  9. നല്ല ശീലങ്ങളും പ്രചോദിതമായ മനസ്സും സുസ്ഥിരമാക്കുക. CMA, CA പ്രൊഫഷണല്‍ ആയിത്തീരുന്നത് ഒരു മികച്ചനേട്ടമാണ്. ലക്ഷ്യബോധത്തോടെയും അര്‍പ്പണ മനോഭാവത്തോടെയുമാണ് പഠനം മുന്നോട്ടു കൊണ്ടുപോയി അന്തിമവിജയം കണ്ടെത്തേണ്ടത്. ഒരു മഹത്തായ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുമ്പോള്‍ ചെറിയ ചെറിയ പ്രയാസങ്ങളില്‍ പരിക്ഷീണരാകരുത്. സുസ്ഥിരമായ ആത്മവിശ്വാസത്തോടെ ലക്ഷ്യപ്രാപ്തിയ്ക്കായി എപ്പോഴും മുന്നോട്ടുതന്നെയാകണം.
  10. മിടുക്കരായ സുഹൃത്തുക്കളോട് ചേരുക… പ്രാഗത്ഭ്യവും മൂല്യബോധവുമുള്ള പഠനകേന്ദ്രം തെരഞ്ഞെടുക്കുക. നല്ല കൂട്ടുകാര്‍ അമൂല്യ സ്വത്താണ്. അത്തരം സ്റ്റഡിഗ്രൂപ്പുകള്‍ ഏറെ ഗുണം ചെയ്യും. പഠനസംബന്ധമായ ചര്‍ച്ചകള്‍, സംശയനിവാരണങ്ങൾ, ആരോഗ്യകരമായ മത്സരബുദ്ധി, സ്‌നേഹത്തോടെയുള്ള പാരസ്പര്യവും ജാഗ്രതയും തുടങ്ങിയ പോസിറ്റീവായ നേട്ടങ്ങള്‍ക്ക് നല്ല സൗഹൃദം സഹായകരമാകും.
ഏറ്റവും പ്രധാനപ്പെട്ടത് ‘പഠനകേന്ദ്രം’ തെരഞ്ഞെടുക്കലാണ്, കോമേഴ്‌സ് പ്രൊഫഷണല്‍ പഠനം ആഘോഷമാക്കരുത്. പ്രൊഫഷണൽ ആയാല്‍ ജീവിതം ആഘോഷിക്കാം. മൂല്യബോധമുള്ള കോമേഴ്‌സ് പഠനം പഠിതാവിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും ഗുണം ചെയ്യും. കയ്യൊപ്പിനു അംഗീകാരമുള്ള കോമേഴ്‌സ് പ്രൊഫഷണല്‍ ആയിത്തീരുന്നതിലൂടെ താങ്കള്‍ ചരിത്രത്തില്‍ എന്നും തെളിഞ്ഞുനില്‍ക്കുന്ന ഒരു കയ്യൊപ്പാകട്ടെ.
ക്ലാസ്സുകള്‍ ‘ആള്‍ക്കൂട്ടങ്ങളാകുന്ന’ ഇടങ്ങളില്‍ റിസല്‍റ്റുകള്‍ അവിശ്വസനീയമാംവിധം പിറകിലാണ്. ഉപരിപഠനത്തിന്റെ വിലപ്പെട്ട സമയം പരീക്ഷണമാക്കരുത്. ഒപ്പം വിലപ്പെട്ടതാണ് രക്ഷിതാക്കളുടെ പ്രതീക്ഷയും പണവും. 35 വര്‍ഷം കോമേഴ്‌സ് വിദ്യാഭ്യാസത്തിന്റെ മികവിലൂടെ മാത്രം കേരളത്തില്‍ തന്നെ മുന്‍നിരയിലെത്തിയ പാരമ്പര്യമുള്ള ചാപ്റ്ററാണ് ഞങ്ങളുടെ മദര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍. അതേ ആത്മവിശ്വാസത്തോടെ താങ്കളെയും ഞങ്ങള്‍ Professional Chapterലേക്ക് സ്വാഗതം ചെയ്യുന്നു.